തിരുവനന്തപുരം: നെല്ല് സംഭരണത്തിനും കൃഷി വകുപ്പുമായും ബന്ധപ്പെട്ട മറ്റു പദ്ധതികളിലും കർഷകർക്കു നൽകേണ്ട കുടിശിക തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. സിദ്ദിഖ് പറഞ്ഞു. പാലക്കാട്ട് ഇനി സപ്ലൈകോ നേരിട്ടു സംഭരണം നടത്തുമെന്നും നിയമസഭാ മന്ദിരത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോക പരിസ്ഥിതി ദിനമായ നാളെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൃഷി വകുപ്പ് വിപുലമായ പരിപാടികൾ നടത്തും. സെക്രട്ടേറിയറ്റിൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന വൃക്ഷത്തൈ നടീൽ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത അഞ്ചു കുട്ടിക്കർഷകരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. ഫലവൃക്ഷ തൈയും പച്ചക്കറി വിത്തുകളുമടങ്ങുന്ന പ്രത്യേക ഹരിത കിറ്റ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്.
"ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' എന്ന പേരിൽ നടപ്പാക്കുന്ന ഓണക്കാലത്ത് ആവശ്യമായ വിഷരഹിത പച്ചക്കറികളും പൂക്കളും ലഭ്യമാക്കാനുള്ള പദ്ധതി സെക്രട്ടേറിയറ്റിൽ തയാറാക്കുന്ന മാതൃക പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും "കതിര്' എന്ന പേരിൽ പ്രകൃതി കൃഷി ക്ലബ്ബുകൾ തുടങ്ങും.
പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവ കൂടാതെ ഹോട്ടികൾച്ചർ തെറാപ്പി പോലുള്ള ആധുനികരീതികളും ഈ ക്ലബ്ബുകളിൽ നടപ്പാക്കും ഈ ക്ലബ്ബുകൾ എല്ലാം കൃഷിവകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക. കൃഷിയിൽ താത്പര്യമുള്ള 20 മുതൽ 25 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഓരോ വിദ്യാലയത്തിലും ക്ലബ്ബ് രൂപീകരിക്കുന്നത്.
ജനപ്രതിനിധികൾ, പഞ്ചായത്ത്, പിടിഎ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയും രൂപീകരിക്കും. സംസ്ഥാനത്തെ 2500 സ്കൂളുകളിൽ ആദ്യഘട്ടത്തിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും സ്കൂളുകളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിനും പരമാവധി 10,000 രൂപ വീതം നൽകാൻ രണ്ടരക്കോടി രൂപ പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്.